ഞാൻ..ആദ്യമൊക്കെ പൂന്തോട്ടം നിർമ്മിക്കുമ്പോൾ പലയിടത്തുനിന്നും സംഘടിപ്പിച്ചു കൊണ്ടുവരുന്ന തൈകൾ..നട്ടത്തിന് ശേഷം.. കാര്യമായ പരിചരണം ഒന്നും നൽകാതെ എല്ലാദിവസവും മൊട്ടിട്ടോ… പൂവിട്ടോ….എന്ന് പ്രതീക്ഷയോടെ നോക്കുമായിരുന്നു.
അന്ന് നിരാശ മാത്രമായിരുന്നു ഫലം. അഥവാ ആ ചെടി പൂത്താൽ തന്നെ, ഒട്ടും ഭംഗിയില്ലാത്ത, വർണ്ണമില്ലാത്ത, രൂപമില്ലാത്ത പൂവ് ആയിരിക്കും പുഷ്പിക്കുക!.
അതിനു ശേഷം ആവശ്യമായ സൂര്യപ്രകാശവും, വെള്ളവും, വളവും, പരിചരണവും ഒക്കെ കൊടുത്തപ്പോൾ അവ ഭംഗിയുള്ള പൂക്കളെ തരുവാൻ തുടങ്ങി.
പ്രിയ മാതാപിതാക്കളെ,
പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾ ഒരുപാടു വാസനകളോടു കൂടെ ജനിക്കുമെങ്കിലും, അവർക്കു ആവശ്യമായ സ്നേഹവും, പരിചരണവും, പരിശീലനവും, പ്രചോദനവും, സാഹചര്യങ്ങളും, അവസരങ്ങളും വേണ്ട വിധത്തിൽ ലഭിക്കാതെ പോകുമ്പോൾ, നാളെ അനേകർക്കു തണലായി തീരേണ്ടുന്ന ഒരു പ്രതീക്ഷ കൊഴിഞ്ഞു പോകുന്നു.
ആയതിനാൽ ഈ പുതിയ അധ്യയന വർഷം നമുക്ക് പുതിയ തീരുമാനങ്ങളോടെ തുടങ്ങാം!!.
ശീലിപ്പിച്ചാൽ… ശീലങ്ങൾ.. ശീലമാകും.
- വിദ്യാലയത്തിൽനിന്നും വീട്ടിൽ വന്നാൽ ഉടൻ തന്നെ സ്കൂൾ ബാഗ്, ഷൂസ്, ടിഫിൻ ബോക്സ് തുടങ്ങിയവ അതത് സ്ഥലങ്ങളിൽ വെയ്ക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക.
- കൈയും മുഖവും വൃത്തിയാക്കിയതിനു ശേഷം പോഷക സമ്പന്നമായ ലഘു ഭക്ഷണം നൽകുക.
- സ്ക്രീൻ ടൈം അര മണിക്കൂർ ആയി ചുരുക്കുക.
- കുറച്ചു സമയം ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപെടുവാൻ അനുവദിക്കുക.
- വ്യക്തി ശുചിത്വത്തിനു ശേഷം ചുരുങ്ങിയത് 2-4 മണിക്കൂർ പഠനത്തിനായി മാറ്റിവെയ്ക്കുക.
- പഠന സമയങ്ങളിൽ മാതാപിതാക്കൾ കുട്ടിയോടൊപ്പം ഇരുന്നു.. മടുപ്പു തോന്നാതെ പഠനം ആസ്വാദ്യകരമാക്കാൻ അവരെ സഹായിക്കുക.
- അത്താഴത്തിനു, പ്രാർത്ഥനയ്ക്കും ശേഷം നന്നായി ഉറങ്ങുക
- രാവിലെ ചുരുങ്ങിയത് 6 മണിക്ക് തന്നെ ഉണർന്ന്, തയ്യാറെടുത്ത്, ഉഷാറോടെ, സന്തോഷത്തോടെ വിദ്യാലയങ്ങളിലേക്ക് വരുക.

ഓരോ കുട്ടിയുടെയും പഠന, വൈകാരിക, സാമൂഹിക, ധാർമിക വളച്ചയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന ഈ മണ്ണിലേക്ക് സ്വാഗതം..
ഓരോ പുത്തൻ അധ്യായവും പ്രതീക്ഷയുടെ പുതുവെട്ടം പോലെ ആണ്. പുതിയ പുസ്തകങ്ങൾ, പുതിയ അധ്യാപകർ, പുതിയ ലക്ഷ്യങ്ങൾ… ഇവയെല്ലാം നമ്മെ പുതിയ സ്വപ്നങ്ങളിലേക്ക് നയിക്കുന്നു. പഠനത്തിൽ മാത്രമല്ല, ജീവിതം മുഴുവൻ വിജയിക്കാൻ നമ്മെ ഒരുക്കുന്ന ഈ സ്ഥാപനത്തിലേക്ക് ഒരിക്കലും കണ്ണീർക്കണമില്ലാതെ, പകരം ഒരുപാട് പ്രതീക്ഷകളോടെയായിരിക്കട്ടെ പ്രവേശനം!